കണ്ണൂര്‍ : റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലാണ്. സ്റ്റേഷന് പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന. ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്താണ് കഴിയുന്നത്. ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോച്ചിനു തീയിട്ടെന്നാണ് സിദ്ഗറിന്റെ മൊഴി. സ്റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎല്‍ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചുവിട്ടിരുന്നു. ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം തീയിട്ടു എന്നാണ് ഇയാള്‍ പറയുന്നത്. ഇന്ധനം ഉപയോഗിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലും ലഭിച്ച വിവരം.