കണ്ണൂർ : തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്റെ മൃതദേഹം മണപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി. വിദേശത്തുള്ള പിതാവെത്തിയതോടെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്. മുഴുപ്പിലങ്ങാടിലെ വീട്ടിലും കട്ടിനകം ജുമാ മസ്ജിദിലും നിഹാലിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്.
കണ്ണൂർ മുഴപ്പിലങ്ങാടില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. രാത്രി എട്ടോടെ കുട്ടിയെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം നിഹാലിന്റെ ഇൻക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്. കണ്ണിനു താഴെയും കഴുത്തിനു പുറകിലും അരക്കുതാഴെയുമായി ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്ത നിലയിൽ ആണുള്ളത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിൻ്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്. വീടിൻ്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു.