കണ്ണൂർ: കണ്ണൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി. അയ്യൻകുന്ന് പാലത്തിൻകടവ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യനാണ് ജീവനൊടുക്കിയത്. കാട്ടാന ഭീഷണിയെ തുടർന്ന് കൃഷിയിടവും വീടും ഉപേക്ഷിച്ചു പോരേണ്ടിവന്ന കർഷകനാണ് സുബ്രഹ്മണ്യൻ. നവ കേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കട ഹർജി തയ്യാറാക്കി വെച്ച ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്.
രണ്ട് ഏക്കർ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യണ്ടി വന്ന കർഷകനാണ് സുബ്രഹ്മണ്യൻ.ചോര നീരാക്കി മണ്ണിൽ കൃഷി ചെയ്തതെല്ലാം കാട്ടാന നശിപ്പിച്ചു. ഒടുവിൽ വീടിന് നേരെയും കാട്ടനയുടെ ആക്രമണം ഉണ്ടായത്തോടെ ഭാര്യ കനകമ്മയുടെ കൈ പിടിച്ച് സ്വന്തം മണ്ണ് വിട്ടിറങ്ങി.
രണ്ടര വർഷമായി നാട്ടുകാർ ഏർപ്പാടാക്കിയ വാടകവീട്ടിൽ ആയിരുന്നു താമസം. .വാടക വാങ്ങാതെയാണ് വീട്ടുടമ ഇവർക്ക് അഭയം നൽകിയത്.എന്നാൽ അറ്റകുറ്റപ്പണികൾക്കായി തത്കാലം വീടൊഴിയേണ്ടി വരുമെന്ന് ഉടമ സൂചിപ്പിച്ചിരുന്നു. പകരം നാട്ടുകാർ മറ്റൊരു വീട് അന്വേഷിക്കുന്നതിനിടയിലാണ് വാടക വീടിന് സമീപത്തെ മരത്തിൽ സുബ്രഹ്മണ്യൻ ജീവിതം അവസാനിപ്പിച്ചത്
ക്യാൻസർ രോഗബാധിതനായിരുന്നു സുബ്രഹ്മണ്യൻ. വാർദ്ധക്യ കാല പെൻഷൻ മാത്രമായിരുന്നു ഏക വരുമാന മാർഗം. എന്നാൽ പെൻഷൻ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ലൈഫ് പദ്ധതിയിയിൽ വീടിനായി അപേക്ഷ നൽകിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കർ ഭൂമിയുള്ളതിനാൽ നിരസിക്കപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു.