കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ രാജിവച്ചു. മുൻകൂട്ടി തീരുമാനിച്ച ധാരണ പ്രകാരം മുസ്ലിം ലീഗ് പ്രതിനിധിയാണ് അടുത്ത രണ്ട് വർഷം മേയറാകുക. മൂന്ന് വർഷം പൂർത്തിയാക്കിയാണ് മുന്നണി ധാരണയനുസരിച്ച് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനിലെ മേയർ സ്ഥാനം കോണ്ഗ്രസ് ലീഗിന് കൈമാറുന്നത്.
മുസ്ലിം ലീഗിൽ നിന്ന് ആരാകും മേയറെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുസ്ലിഹ് മഠത്തിലിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. പുതിയ മേയറെ തെരഞ്ഞെടുക്കാൻ മൂന്നാഴ്ച കഴിയും. ഈ കാലയളവിൽ ഡെപ്യൂട്ടി മേയർ ഷബീനയ്ക്കാണ് പകരം ചുമതല നൽകിയിട്ടുള്ളത്. തുടക്കത്തിൽ മേയർ സ്ഥാനത്തെചൊല്ലി വൻ വിവാദമാണ് യുഡിഎഫിൽ ഉയർന്നത്. രണ്ടരവർഷം വീതം സ്ഥാനം പങ്കുവയ്ക്കൽ എന്ന ഫോർമുല കോണ്ഗ്രസ് അംഗീകരിച്ചിരുന്നില്ല. തുടർന്ന് ലീഗ് അതൃപ്തി അറിയിച്ചതോടെ മുന്നണി ഇടപെട്ട് തർക്കം പരിഹരിക്കുകയായിരുന്നു.