ബംഗളൂരു: കൊലക്കേസിൽ പ്രതിയായ കന്നട നടൻ ദർശന്റെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ വിഷാദരോഗത്തിലാണെന്നാണ് ഈ വീഡിയോയിൽ ശ്രീധർ പറയുന്നത്.
ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. തന്റെ പ്രിയപ്പെട്ടവരെ ഈ കേസിൽനിന്ന് ഒഴിവാക്കണമെന്ന് ശ്രീധർ പറയുന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചു. ശ്രീധർ മരിച്ചതോടെ, ദർശൻ ഉൾപ്പെട്ട കൊലപാതക കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും അപമാനിച്ച ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിൽ ദർശൻ അറസ്റ്റിലായിരുന്നു.