മൗണ്ട്മൗൻഗനുയി : ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററും ന്യൂസിലൻഡ് സൂപ്പർ താരവുമായ കെയ്ൻ വില്ല്യംസനു അപൂർവ നേട്ടം. 2024ലെ ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഉജ്ജ്വല സെഞ്ച്വറിയുമായി താരം തുടക്കമിട്ടപ്പോൾ ആ ശതകം എലൈറ്റ് പട്ടികയിലേക്കുള്ള വില്ല്യംസന്റെ പ്രവേശനം കൂടിയായി.
ടെസ്റ്റിൽ 30ാം സെഞ്ച്വറിയാണ് താരം ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികളെന്ന പട്ടകയിൽ വില്ല്യംസൻ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ, വിരാട് കോഹ്ലി എന്നിവരെ പിന്തള്ളി. ബ്രാഡ്മാനും കോഹ്ലിക്കും 29 സെഞ്ച്വറികളാണ് ടെസ്റ്റിൽ.
112 റൺസുമായി വില്ല്യംസൻ ബാറ്റിങ് തുടരുന്നു. 118 റൺസുമായി രചിൻ രവീന്ദ്രയും ശതകം സ്വന്തമാക്കി. നിലവിൽ കിവികൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിൽ.
51 സെഞ്ച്വറികളുമായി ഇതിഹാസം സച്ചിനാണ് പട്ടികയിൽ ഒന്നാമൻ. 50നു മുകളിൽ സെഞ്ച്വറിയുള്ള ഏക താരവും. 45 സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കൻ ഒൾറൗണ്ട് ഇതിഹാസം ജാക്ക് കാലിസ് രണ്ടാമത്. 38 ശതകങ്ങളുമായി ശ്രീലങ്കയുടെ കുമാർ സംഗക്കാര മൂന്നാം സ്ഥാനത്തും 36 സെഞ്ച്വറികളുമായി ഇന്ത്യൻ ഇതിഹാസവും നിലവിൽ സീനിയർ ടീം കോച്ചുമായി ദ്രാവിഡ് നാലാമതും നിൽക്കുന്നു.
34 വീതം സെഞ്ച്വറികളുമായി യൂനിസ് ഖാൻ, സുനിൽ ഗാവസ്കർ, ബ്രയാൻ ലാറ, മഹേല ജയവർധനെ എന്നിവർ. അലിസ്റ്റർ കുക്കിന് 33 സെഞ്ച്വറികൾ. സ്റ്റീവ് സ്മിത്തിനും സ്റ്റീവ് വോയ്ക്കും 32 വീതം. മാത്യ ഹെയ്ഡൻ, ജോ റൂട്ട് എന്നിവരാണ് വില്ല്യംസനൊപ്പം 30 സെഞ്ച്വറികളുള്ളത്.