കൊച്ചി: കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഒരു കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.അതേസമയം എൻ. ഭാസുരാംഗനും മക്കളും അടക്കം ആറ് പ്രതികൾക്കെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇയാളുടെ രണ്ട് പെണ്മക്കളെ അടക്കം കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ഭാസുരാംഗൻ 51 കോടി രൂപ വായ്പ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രണ്ട് ബെനാമി അക്കൗണ്ടുകളാണ് ഇയാൾക്ക് ബാങ്കിൽ ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പ് നടന്നതെന്ന് ഇഡി കണ്ടെത്തി.മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഈ അക്കൗണ്ടുകൾക്ക് 51 കോടി രൂപ വായ്പ അനുവദിച്ചത്. ലോണിന്റെ തിരിച്ചടവ് മുടങ്ങിയിട്ടും ഈ വിവരങ്ങൾ സഹകരണ രജിസ്ട്രാർക്ക് കൈമാറരുതെന്ന് സെക്രട്ടറിമാരെ ഭാസുരാംഗൻ വിലക്കിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.