തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസിലെ രണ്ടാംപ്രതി സുനിൽ കുമാർ കസ്റ്റഡിയിൽ. മുഖ്യപ്രതിയെ സഹായിച്ച സുനിൽ കുമാറിനായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിരുന്നു. സുനിൽ കുമാറിനെ കളിയിക്കാവിള പൊലീസ് ഹൊസൂരിൽ നിന്നാണ് പിടികൂടിയത്. ഒന്നാംപ്രതിയായ അമ്പിളിയെ കൊല നടന്ന സ്ഥലത്തെത്തിച്ചതും ആയുധം കൈമാറിയതും സുനിൽ കുമാറാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയതും ക്ളോറോഫോം മണപ്പിച്ചതിനുശേഷം കൊലനടത്താനുള്ള നിർദേശം നൽകിയതും സുനിൽ കുമാറാണെന്നാണ് അമ്പിളിയുടെ മൊഴി. കഴുത്തറുക്കാനുള്ള ബ്ളെയിഡും ഗ്ളൗസും നൽകിയതും സുനിൽ കുമാറാണ്. സർജിക്കൽ ആന്റ് മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ് സുനിൽ. കൊലയ്ക്കുശേഷം തന്നെ കൂട്ടികൊണ്ടുപോകാനെത്താമെന്ന് സുനിൽ പറഞ്ഞിരുന്നുവെങ്കിലും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്നും അമ്പിളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, അഭിഭാഷകനൊപ്പമെത്തി സുനിൽ കുമാർ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേസിൽ അമ്പിളിയും സുഹൃത്തും നേരത്തെ പിടിയിലായിരുന്നു.
ശനിയാഴ്ച രാവിലെ കുലശേഖരത്തിന് സമീപത്തെ റോഡരികിൽ സുനിലിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒരു ദിവസത്തിലധികമായി കേരള രജിസ്ട്രേഷൻ വാഹനം റോഡരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചത്. സുനിലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിക്കാൻ ആലോചിക്കുകയായിരുന്നു പൊലീസ്. കാർ കണ്ടെത്തിയതിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.