കൊച്ചി : കളമശേരി പോളിടെക്നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി അഭിരാജിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി എസ്എഫ്ഐ. ഇന്നലെ ചേര്‍ന്ന എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തില്‍ വച്ച് അഭിരാജിനെതിരെ നടപടിയെടുത്തതായി എസ്എഫ്ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അറസ്റ്റിലായ മൂന്ന് പേര് കെഎസ്യു നേതാക്കളാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട കെഎസ്യു നേതാക്കളുടെ ചിത്രങ്ങളും സഞ്ജീവ് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. രണ്ടു കിലോ കഞ്ചാവുമായി പിടിയിലായവരുടെ മാധ്യമങ്ങള്‍ കെഎസ്യു പശ്ചാത്തലം മറച്ചുവച്ചു. ഇന്ന് പിടിയിലായ കെഎസ്യു നേതാക്കളെ പൂര്‍വ വിദ്യാര്‍ഥികളായി മാത്രം മാധ്യമങ്ങള്‍ അവതരിപ്പിച്ചു. ജയിലില്‍ കിടക്കുന്ന മൂന്നു പേരും കെഎസ്യു നേതാക്കളാണ്. കഞ്ചാവ് വേട്ടയില്‍ മാധ്യമങ്ങള്‍ പക്ഷപാതപരമായി വാര്‍ത്തകള്‍ കൊടുത്തുവെന്നും എസ്എഫ്ഐയെ ബോധപൂര്‍വ്വം ആക്രമിക്കാനുള്ള ആയുധമായി സംഭവം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലഹരി മാഫിയക്കും ക്യാമ്പസില്‍ സ്ഥാനമുണ്ടാവില്ല. ലഹരിക്കെതിരായ പോരാട്ടം എസ്എഫ്ഐ തുടരും. മാധ്യമങ്ങള്‍ കള്ള പ്രചാരണം അവസാനിക്കണം. പ്രതിപക്ഷ നേതാവ് കള്ളം വിളിച്ചു പറയുകയാണെന്നും സഞ്ജീവ് പറഞ്ഞു. ‘കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരും ഗുണ്ടാനേതാവ് മരട് അനീഷും ഒരുമിച്ച് നില്ക്കുന്ന ചിത്രവും സഞ്ജീവ് വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.