കൊച്ചി: കളമശേരി സ്ഫോടനത്തിനു തൊട്ടുമുന്‍പ് കൺവൻഷൻ സെന്ററിൽ നിന്ന് പുറത്തുപോയ കാർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിർണായക വിവരമാണ് ഈ കാർ.
മണലിമുക്ക് ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിലെ സിസിടിവി വീഡിയോ ദൃശ്യങ്ങളിലാണ് നീല കാർ കണ്ടത്. 9.37നാണ് ഈ കാർ കടന്നുപോയത്. പ്രാർഥനാ യോഗം നടക്കുന്ന കൺവെൻഷൻ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോയി. ഇതാണ് പോലീസ് സംശയം ബലപ്പെടുത്തുന്നത്.
സംഭവസ്ഥലത്ത് ബാഗുമായി ഒരാൾ കറങ്ങി നടക്കുന്നത് കണ്ടതായി സ്ഫോടനത്തിൽ പരിക്കേറ്റവർ മൊഴിനല്‍കിയിരുന്നു. ഇയാൾ തന്നെയാണോ നീല കാറിൽ പോയതെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഞായറാഴ്ച രാവിലെ 9.30നാണ് കളമശേരിക്കു സമീപമുള്ള സാമ്ര കണ്വെന്ഷന് സെന്ററിൽ സ്ഫോടനമുണ്ടായത്. മൂന്നിലേറെ സ്ഫോടനങ്ങളിൽ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്നു ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവം ആസൂത്രിതമായ ബോംബ് സ്ഫോടനമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടിഫിൻ ബോക്സിലാണ് ഒന്നിലേറെ സ്ഫോടകവസ്തുക്കൾ സജ്ജീകരിച്ചിരുന്നതെന്നും സ്ഥലത്തുനിന്ന് ഐഇഡി അവശിഷ്ടങ്ങൾ ലഭിച്ചെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പ്രാർഥനാലയങ്ങൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും പോലീസ് തീരുമാനിച്ചു.