കൊച്ചി: കളമശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ചാറ്റുകളും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.
ഇയാളുടെ വിദേശ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റകൃത്യം നടത്തുന്നതിന് മറ്റെവിടെ നിന്നെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. നിലവില്‍ പ്രതി തനിച്ചാണ് കുറ്റകൃത്യം നടത്തിയിരിക്കുന്നതെന്നാണ് വെളിപ്പെടുത്തിയതെന്ന് ഡിസിപി എസ്. ശശിധരന് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലൂടെ കുറ്റകൃത്യം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. മാര്ട്ടിന് കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച ഫോണാണിത്. മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.