കൊച്ചി: കളമശേരി സ്ഫോടനത്തിന് പിന്നിലെ കാരണക്കാരനെന്ന് അവകാശപ്പെട്ട് പോലീസിൽ കീഴടങ്ങിയയാളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു.കൊച്ചി തമ്മനം സ്വദേശി ഡൊമിനിക്ക് മാർട്ടിൻ എന്നയാളാണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊടകര പോലീസിൽ കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ ഫേസ്ബുക്കിൽ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
16 വർഷങ്ങളായി യഹോവ സാക്ഷികളിൽ അംഗമാണെന്നും സഭ തെറ്റായ ആശയമാണ് പങ്കുവയ്ക്കുന്നതെന്നും ഇതിൽ പ്രതിഷേധിക്കാനാണ് താൻ ബോംബ് വച്ചതെന്നും ഡൊമിനിക് മാർട്ടിൻ വീഡിയോയിൽ പറയുന്നു. പോലീസിൽ കീഴടങ്ങുകയാണെന്ന് പറഞ്ഞാണ് ഇയാൾ വീഡിയോ അവസാനിപ്പിക്കുന്നത്. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ കൂടിയാണ് ഇയാൾ ഈ വീഡിയോ പുറത്തുവിട്ടത്. എന്നാൽ ഈ അക്കൗണ്ട് ഇപ്പോൾ നിലവിലില്ല.