ന്യൂഡല്‍ഹി: കളമശേരി സ്ഫോടനത്തെ സംബന്ധിച്ച വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് അമിത് ഷാ വിവരങ്ങള്‍ തേടിയത്.കളമശേരി സ്ഫോടനം ഏറെ ഗൗരവതരമായ സംഭവമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്‍എസ്ജി സംഘത്തോടും സംഭവസ്ഥലത്തെത്താന്‍ നിര്‍ദേശിക്കും.
അതേസമയം കളമശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു. കൊച്ചി യൂണിറ്റ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എൻഐഎ സംഘം ഉടൻ കളമശേരിയിലെത്തുമെന്നുമാണ് എജൻസിയുടെ ആസ്ഥാനത്തുനിന്നുള്ള വിവരം. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി എൻഐഎ മേധാവി ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ അന്വേഷണം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് എൻഐഎ കടക്കുമെന്ന സൂചന കേന്ദ്രസർക്കാർ വൃത്തങ്ങൾ നല്‍കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പോലീസിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടും. സംഭവം ഗൗരവമേറിയതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എൻഐഎ സംഘം സ്ഥലത്തെത്തി നല്കുന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേന്ദ്രസർക്കാരിന്റെ അടുത്ത നടപടി.ഞായറാഴ്ച രാവിലെ 9.30നാണ് കളമശേരിക്കു സമീപമുള്ള കണ്വെന്ഷന് സെന്ററിൽ സ്ഫോടനമുണ്ടായത്. മൂന്നിലേറെ സ്ഫോടനങ്ങളിൽ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. കണ്വെന്ഷന് സെന്ററിനുള്ളില്‍ മൂന്നിലേറെ സ്ഫോടനമുണ്ടായതാണ് പ്രാഥമിക വിവരം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ഫോടനത്തെ തുടർന്നു ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ സമ്മേളനം ആരംഭിച്ചത്. ഇന്ന് സമാപന സമ്മേളനമായിരുന്നു. രണ്ടായിരത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന ഹാളിലാണ് സമ്മേളനം പുരോഗമിച്ചിരുന്നത്.