കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സി.ജി.എം കോടതിയാണ് അപേക്ഷ പരിഗണിക്കുക.
യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പങ്കെടുത്ത ചിലർ മാർട്ടിനെ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തേണ്ടവരുടെ അന്തിമപട്ടിക തയാറാക്കിയത്. സ്ഫോടക സ്ഥലത്ത് പ്രതിയെ കണ്ടവര്‍, സ്ഫോടക വസ്തുക്കള്‍ വില്പന നടത്തിയ വ്യാപാരികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന പട്ടികയാണ് തയാറാക്കുന്നത്. ഇതിനുശേഷമാകും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.
ഇയാളുടെ വിദേശ ബന്ധം പൊലീസ് അന്വേഷിച്ച് വരികയാണ്. പതിനഞ്ച് വര്‍ഷത്തെ ദുബായ് ജീവിതവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സ്ഫോടനത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ഡൊമിനിക്കിന്റെ ഫോണ്‍ നമ്പറുകളിലടക്കം വിശദമായ പരിശോധന നടക്കുകയാണ്.മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനക്കേസില്‍ യഹോവാ സാക്ഷികളുടെ കൂട്ടായ്മയില്‍നിന്ന് അടുത്തിടെ വിട്ടുപോയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.ഇവരില്‍ ആരെങ്കിലുമായി പ്രതി ഡൊമിനിക് മാര്ട്ടിന് ബന്ധപ്പെട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
യഹോവാ സാക്ഷി വിശ്വാസ സമൂഹത്തോടുള്ള വിരോധം മൂലമാണ് ബോംബ് സ്ഫോടനം നടത്തിയെന്ന ഡൊമിനിക്ക് മാര്‍ട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഇത്തരത്തിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് അന്വേഷണം.