കൊച്ചി : കളമശ്ശേരി സ്ഫോടനക്കേസില്‍ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഡിസംബര്‍ 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മാര്‍ട്ടിനെ ഓണ്‍ലൈനായാണ് കോടതിയില്‍ ഹാജരാക്കിയത്.
കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനാല്‍ അന്വേഷണ സംഘം മാര്‍ട്ടിനായി ഉടന്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കില്ല. കേസില്‍ വാദിക്കാന്‍ അഭിഭാഷകനെ വേണ്ടെന്ന് മാര്ട്ടിന് നേരത്തെ തന്നെ കോടതിയില്‍ പറഞ്ഞിരുന്നു.
കളമശ്ശേരി സ്ഫോടനം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ കേസില്‍ ഒരു പ്രതി മാത്രമാണുള്ളതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതി ഡൊമിനിക് മാര്ട്ടിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. കളമശ്ശേരി സാമ്ര കണ്വെന്ഷന് സെന്ററില്‍ യഹോവസാക്ഷികളുടെ സമ്മേളനത്തിനിടെയാണ് സ്ഫോടനം നടന്നത്.