കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. പ്രതിയുടെ രാജ്യാന്തര ബന്ധങ്ങൾ അന്വേഷിക്കണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇയാളെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പ്രതിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. ഹർജിയിലെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങിയത്.കേസില്‍ അതീവരഹസ്യമായാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദുബായി കേന്ദ്രീകരിച്ചും പോലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നുണ്ട്. ബോംബ് നിര്‍മാണത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.