തിരുവനന്തപുരം: കളമശേരി കണ്വെന്ഷന് സെന്ററിലുണ്ടായ സ്ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഡിജിപി ഉടന്‍ സംഭവവസ്ഥലത്തെത്തും. ഗൗരവമായി കാര്യങ്ങള്‍ നീക്കുന്നുണ്ട്. സ്ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്നും രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 9.30നാണ് കളമശേരിയിലെ സാമ്ര കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സ്ഫോടനം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
കേരളത്തെ ഞെട്ടിച്ച കളമശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തിനു പിന്നാലെ ആശുപത്രികൾക്ക് ജാഗ്രതാനിർദേശം നല്കി ആരോഗ്യമന്ത്രി വീണാ ജോർജ്. അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ അടിയന്തരമായി തിരിച്ചെത്താൻ മന്ത്രി നിർദേശം നല്കി. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്കി.
കളമശേരി മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും ജില്ലയിലെ മറ്റാശുപത്രികളിലും അധിക സൗകര്യങ്ങളൊരുക്കാനും അധിക ജീവനക്കാരുടെ സേവനം ലഭ്യമാക്കാനും നിര്‍ദേശം നല്കി.