കൊച്ചി: കളമശേരി കണ്വന്ഷന് സെന്ററില്‍ സ്ഫോടനം നടത്തിയ പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ. ജില്ലാ സെഷൻസ് കോടതിയാണ് ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തത്. ഡൊമിനിക്കിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.
തനിക്ക് അഭിഭാഷകന്റെ സേവനം വേണ്ടെന്നും ഡൊമിനിക് മാർട്ടിൻ കോടതിയെ അറിയിച്ചു. സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്നും മാർട്ടിൻ പറഞ്ഞു. മാർട്ടിന്റെ വാദം കോടതി അംഗീകരിച്ചു. തനിക്ക് പൊലീസിനെതിരെ പരാതി ഇല്ലെന്നും പ്രതി കോടതിയെ അറിയിച്ചു. എഡിജിപി എം.ആര്. അജിത്കുമാറിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതിയില്‍നിന്നു ലഭിച്ച മൊഴികളും തെളിവുകളും പരിശോധിച്ചുറപ്പിച്ച ശേഷമാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി നല്കിയ മൊഴികള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ബോംബ് നിര്‍മിക്കുന്നതിനായി സാമഗ്രികള്‍ വാങ്ങിയതായി പ്രതി വെളിപ്പെടുത്തിയ സ്ഥലങ്ങളിലും ഇന്നലെ പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.മാർട്ടിൻതന്നെയാണ് കുറ്റം ചെയ്തതെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.