തിരുവനന്തപുരം: ഡോ.ആർഎൽവി രാമകൃഷ്ണനെതിരെ വംശീയവും ജാതീയവുമായ അധിക്ഷേപവുമായി നര്‍ത്തകി കലാമണ്ഡലം സത്യഭാമ. ഒരു സ്വകാര്യ യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ അധിക്ഷേപം. മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയിട്ടുള്ള രാമകൃഷ്ണന് കാക്കയുടെ നിറമാണ് എന്ന് പറഞ്ഞാണ് സത്യഭാമ അധിക്ഷേപിക്കുന്നത്.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത്. ഇയാള്‍ക്ക് കാക്കയുടെ നിറമാണ്. കാല് കുറച്ച് അകത്തിവച്ചുള്ള കലാരൂപമാണ് മോഹിനിയാട്ടം. പുരുഷന്മാര് കാല് കവച്ചുവെച്ച് മോഹിനിയാട്ടം അവതരിപ്പിക്കുന്നത് അരോചകമാണ്. പുരുഷന്മാര് മോഹിനിയാട്ടം അവതരിപ്പിക്കുന്നതേ ശരിയല്ല. ഇനി നല്ല സൗന്ദര്യമുള്ള പുരുഷന്മാരാണെങ്കില് പിന്നെയും കുഴപ്പമില്ല. ഇയാള്‍ മോഹിനിയാട്ടം അവതരിപ്പിച്ചാല്‍ ദൈവം മാത്രമല്ല, പെറ്റതള്ള പോലും സഹിക്കില്ലെന്നും സത്യഭാമ പറയുന്നു.
രാമകൃഷ്ണന്റെ പേര് വ്യക്തമായി പറയുന്നില്ലെങ്കിലും ചാലക്കുടിയിലുള്ള ഒരു കലാകാരന് എന്നും കെപിഎസി ലളിതയ്ക്കൊപ്പം സംഗീത നാടക അക്കാദമിയില്‍ പ്രവര്‍ത്തിച്ചയാള്‍ എന്നൊക്കെയാണ് ആര്‍എല്‍വി രാമകൃഷ്ണനെ സത്യഭാമ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നത്.തിരുവനന്തപുരം സ്വദേശിനിയായ സത്യഭാമ കലാമണ്ഡലത്തിലാണ് പഠിച്ചത്. നൃത്തവിദ്യാലയം നടത്തുകയാണ് സത്യഭാമ. എം .ജി സര്‍വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ എം.എ ഒന്നാം റാങ്കോടെ പാസാകുകയും മോഹനിയാട്ടത്തില്‍ പി.എച്ച്.ഡി എടുക്കുകയും വളരെ മികച്ച പെര്‍ഫോമന്‍സ് നടത്തുന്നയാളുമാണ് രാമകൃഷ്ണന്. 15 വര്‍ഷത്തിലേറെയായി മോഹിനിയാട്ടം അധ്യാപകനാണ്.
കലാസംസ്കാര രംഗത്തിന് ഏറ്റവും ദോഷമാണ് ഇത്തരം കലാകാരികളെന്നും നിയമപരമായ നടപടി സ്വീകരിക്കുമെന്നും ആര്‍എല്‍വി രാമകൃഷ്ണന് പ്രതികരിച്ചു. സൗന്ദര്യം ഒരിക്കലും കലയുടെ മാനദണ്ഡമാകരുതെന്നും അദ്ദേഹം പറഞ്ഞു. നടന് കലാഭവന്‍ മണിയുടെ സഹോദരനാണ് ആര്.എല്‍.വി രാമകൃഷ്ണന്.അതേസമയം, താന്‍ പറഞ്ഞത് ആര്‍എല്‍വി എന്ന സ്ഥാപനത്തെ കുറിച്ചാണെന്നും വ്യക്തിയെ കുറിച്ചല്ലെന്നും സത്യഭാമ പ്രതികരിക്കുന്നു. തന്റെ അഭിമുഖം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അവര്‍ പറയുന്നു.