തൃശൂര്‍: വിവാദമായതോടെ സുരേഷ് ഗോപിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കലാമണ്ഡലം ഗോപി ആശാന്റെ മകൻ. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കുവേണ്ടി വിഐപികള്‍ സ്വാധീനിച്ചെന്ന കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരുന്നു . ഞായറാഴ്ച താനിട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കണമെന്നുമാണ് വിശദീകരണം.
സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് ഞായറാഴ്ച ഗുരുകൃപ ഫേസ്ബുക്കില്‍ പങ്കുവച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ട്. ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണം. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്.പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് തനിക്ക് മനസിലായത്. എല്ലാവര്ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.സുരേഷ് ഗോപി തന്റെ അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ സന്ദര്‍ശിക്കാന്‍ വരേണ്ടതില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കലാമണ്ഡലം ഗോപിയാശാനെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബ ഡോക്ടര്‍ തന്നെ വിളിച്ചിരുന്നെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ ഇത് പിന്‍വലിക്കുകയായിരുന്നു.