കൊച്ചി: നടൻ കലാഭവൻ ഹനീഫ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ആയിരുന്നു അന്ത്യം. മട്ടാഞ്ചേരി സ്വദേശിയാണ്. . ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. നാളെ രാവിലെ 11 മണിക്കാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.
നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമായിരുന്നു ഹനീഫിന്റേത്. പിന്നീട് കലാഭവനിൽ എത്തിയ അദ്ദേഹം കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി. എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായിരുന്നു. പിന്നീട് നാടക വേദികളിലും സജീവമായി. 1990ൽ പുറത്തിറങ്ങിയ ചെപ്പുകിലക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. സന്ദേശം, ഗോഡ്ഫാദർ, കാസർകോട് ഖാദർ ബായ്, വിസ്മയം, തെങ്കാശിപ്പട്ടണം, പച്ചക്കുതിര, ചോട്ടാ മുംബൈ, കേരളാ പൊലീസ്, ചട്ടമ്പിനാട്, ഉസ്താദ് ഹോട്ടൽ, ദൃശ്യം, പത്തേമാരി, അമർ അക്ബർ ആൻറണി, 2018 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
150-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷനിൽ സോമനെന്ന് പേര് മാറ്റിയ ശശി, 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ‘ഈ പറക്കും തളിക’യിലെ കല്യാണചെറുക്കൻ, പാണ്ടിപ്പടയിലെ ചിമ്പു തുടങ്ങിയവയൊക്കെ ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. ട്രോളുകളിലടക്കം പലപ്പോഴും ഇദ്ദേഹത്തിന്റെ മീമുകൾ ഉപയോഗിക്കപ്പെട്ടു.
സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. “കോമഡിയും മിമിക്സും പിന്നെ ഞാനും” അടക്കം പല ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്. ഭാര്യ: വാഹിദ. മക്കൾ: ഷാരുഖ്, സിത്താര.