കൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ രണ്ടാംഘട്ട വിചാരണ നേരിട്ട ആറ് പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. വൈകുന്നേരം മൂന്നിനാണ് എന്‍ഐഎ കോടതി ശിക്ഷ വിധിക്കുക.
മുവാറ്റുപുഴയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 11 പ്രതികളില്‍ ആറുപേര്‍ കുറ്റക്കാരെന്ന് ജസ്റ്റീസ് അനില്‍ ഭാസ്കര്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. അഞ്ചുപേരെ വെറുതെ വിട്ടു. സംഭവത്തില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായും എന്‍ഐഎ കോടതി നിരീക്ഷിച്ചു. രണ്ടാം പ്രതി സജില്‍(36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസര്‍(48), അഞ്ചാം പ്രതി നജീബ്(42), ഒന്‍പതാം പ്രതി നൗഷാദ്(48), 11-ാം പ്രതി മൊയ്തീന് കുഞ്ഞ്(60), 12-ാം പ്രതി അയൂബ്(48) എന്നിവര്‍ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളായ ഷഫീഖ്, മന്‍സൂര്‍, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെയാണ് വെറുതെ വിട്ടത്.
രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കെതിരേ ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, ആയുധം കൈവശംവയ്ക്കല്‍, ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒന്‍പതാം പ്രതി നൗഷാദ്, 11-ാം പ്രതി മൊയ്തീന് കുഞ്ഞ്, 12-ാം പ്രതി അയൂബ് എന്നിവർക്കെതിരേ പ്രതികളെ ഒളിപ്പിച്ചു, തെളിവ് മറച്ചുവച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്.
സജില്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന സജില്‍, നജീബ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. 2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
സംഭവം നടന്ന് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂര്‍ത്തിയായത്. വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചാണ് എന്‍ഐഎ വിചാരണ പൂര്‍ത്തിയാക്കിയത്.
ആദ്യഘട്ട വിചാരണ നേരിട്ട 31 പേരില്‍ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്ന പ്രധാന പ്രതി അശമന്നൂര്‍ സവാദ് ഇപ്പോഴും ഒളിവിലാണ്.