തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി 35 ലക്ഷം രൂപ കൊണ്ടുപോയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ശക്തിധരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കലൂരിലെ ദേശാഭിമാനി ഓഫീസില്‍ താമസിച്ചുകൊണ്ട് പണം സമാഹരിച്ചശേഷം തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയാണെന്നാണ് വെളിപ്പെടുത്തല്‍. പണം എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവ് ആണെന്നും പോസ്റ്റില്‍ പറയുന്നു
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെയാണ് പിണറായി പണം സമാഹരിച്ചത്. നേരത്തെ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും വലിയ മാറ്റമൊന്നും സംഭവിക്കുമായിരുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.തെളിവില്ലാത്തതിനാല്‍ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. കന്റോൺമെന്റ് അസി. കമ്മിഷണറാണ് കേസ് അന്വേഷിച്ചത്.
ഒരു പാര്‍ട്ടിയുടെയോ നേതാവിന്റെയോ പേര് താന്‍ പറഞ്ഞില്ലെന്ന് ശക്തിധരന് നേരത്തേ പൊലീസിന് മൊഴി നല്‍കിയിരുന്നു. പരാതിക്കാരനായ ബെന്നി ബെഹനാന് എംപിയും തെളിവുകളൊന്നും പോലീസിന് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് തെളിവുകളുടെ അഭാവത്തില്‍ തുടരന്വേഷണ സാധ്യത ഉണ്ടാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്.