കണ്ണൂർ : കണ്ണൂർ കൈതപ്രത്ത് വെടിയേറ്റ് മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ. ഭർത്താവിനെ കൊലപ്പെടുത്താൻ പ്രതി സന്തോഷിന് മിനിയുടെ സഹായം ലഭിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.
മിനി നമ്പ്യാർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൊലപാതകത്തിന് മുമ്പും ശേഷവും മിനി പ്രതിയുമായി ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. ഒന്നാം പ്രതി എൻ കെ സന്തോഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് ഇരുപതിനാണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിലുള്ള നിർമാണത്തിലുള്ള പുതിയ വീട്ടിൽ വെച്ചായിരുന്നു രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. വെടിയേറ്റു മരിച്ച രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നതായും ഇതിന്റെ പേരിൽ രാധാകൃഷ്ണൻ ഭാര്യയെ ശകാരിച്ചതോടെ യുവതിയുമായുള്ള സൗഹൃദം മുറിഞ്ഞത് വിരോധമുണ്ടാക്കുകയും, ഇത് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നുമാണ് സന്തോഷ് പൊലീസിന് നൽകിയ മൊഴി. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചായിരുന്നു സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചത്. കൊലപാതകത്തിന് ശേഷം തോക്ക് മിനിയും അമ്മയും താമസിച്ചിരുന്ന വാടക വീട്ടിൽ കൊണ്ട് വെക്കുകയും ചെയ്തിരുന്നു.