വേങ്ങര : നാലരപതിറ്റാണ്ടു മുൻപുള്ള കഅബയുടെയും ഇബ്രാഹിം മഖാമിന്റെയും ചിത്രങ്ങൾ നിധിപോലെ സൂക്ഷിച്ച് മലപ്പുറം സ്വദേശി. ഇവയുടെ ചിത്രം പലരുടെയും കൈയിലുണ്ടെങ്കിലും കണ്ണമംഗലം തീണ്ടെക്കാട് കാപ്പൻ യൂനസിന്റെ പുരാവസ്തുശേഖരത്തിൽ ഉള്ളതുപോലുള്ള ഇത്രയും പഴക്കമുള്ളത് അപൂർവമാണ്.
1978ൽ കപ്പൽമാർഗം ഹജ്ജ് നിർവഹിച്ചുവന്ന യൂനസിന്റെ മാതൃപിതാവ് കുറുക്കനാലുങ്ങൽ കുഞ്ഞിമൊയ്തീൻ ഹാജി കൊണ്ടുവന്നതാണ് ഈ ഫ്രെയിം ചെയ്ത ചിത്രങ്ങൾ. അദ്ദേഹം 27 വർഷംമുമ്പ് മരിച്ചുപോയി. ഇറ്റലിയിൽ അച്ചടിച്ച് ചില്ലിലിട്ട ചിത്രം കപ്പൽമാർഗം കൊണ്ടുവരിക അക്കാലത്ത് വളരെ പ്രയാസകരമായിരുന്നു. കഅബയിൽനിന്ന് 46 അടി മാറിയാണ് ഇബ്രാഹിം മഖാം. ഇബ്രാഹിം നബിയും മകൻ ഇസ്മായിലും കഅബ നിർമിക്കുമ്പോൾ ഉയരത്തിനുവേണ്ടി ഉപയോഗിച്ച കല്ലാണ് ഇവിടെ വച്ചതെന്നാണ് വിശ്വാസം. തുടർച്ചയായി ഉപയോഗിച്ചതിനാൽ ഇബ്രാഹിം നബിയുടെ കാൽപ്പാദം ഇതിൽ പതിഞ്ഞെന്നും കരുതുന്നു.
കണ്ണമംഗലം തോട്ടശേരിയറയിലെ കുഞ്ഞിമൊയ്തീൻ ഹാജിയുടെ പഴയ വീട് പൊളിച്ചപ്പോഴാണ് ചിത്രങ്ങൾ യൂനസിന് ലഭിച്ചത്. ജില്ലാ ന്യൂമിസ് മാറ്റിക്സ് ക്ലബ്ബിന്റെ ഓഡിറ്റർകൂടിയായ യൂനസിന്റെ ശേഖരത്തിൽ നിരവധി പുരാവസ്തുക്കളുണ്ട്.