കോഴിക്കോട്: വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യ ഒളിവില്‍ കഴിഞ്ഞത് വടകര വില്ല്യാപ്പള്ളിയിലെന്ന് കസ്റ്റഡി റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെ വിദ്യയുടെ ഒളിയിടം പൊലീസ് വ്യക്തമാക്കിയിരുന്നില്ല. ഒളിവിലായിരുന്ന വിദ്യയെ കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു പൊലീസ് അറിയിച്ചത്.
കട്ടകത്ത് വിആര്‍ നിവാസില്‍ രാഘവന്റെ വീട്ടില്‍നിന്ന് ഇന്നലെ വൈകിട്ട് 5.40ന് ആയിരുന്നു കസ്റ്റഡി എന്നും വ്യക്തമാക്കുന്നുണ്ട്. വിദ്യയെ ജൂലൈ ആറു വരെ റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നും നാളെയും പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
വിദ്യ ഒളിവില്‍ കഴിഞ്ഞത് ആരുടെ വീട്ടിലാണെന്ന് പൊലീസ് പുറത്തു പറയുന്നില്ല. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ രക്ഷിക്കുന്നതിന് വിദ്യയെ വഴിയില്‍വച്ച് പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. സാധാരണ ഗതിയില്‍ പ്രതികള്‍ക്കു താമസ്യ സൗകര്യം ചെയ്തുകൊടുക്കുന്നവരെ കേസില്‍ പ്രതിയാക്കാറുണ്ട്. ഗൂഡാലോചനയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താറുമുണ്ട്. എന്നാല്‍ വിദ്യയുടെ കാര്യത്തില്‍ അതൊന്നും ഉണ്ടായില്ല. ഒരു വീട്ടില്‍ മാത്രമല്ല ഒന്നിലേറെ വീടുകളില്‍ വിദ്യ ഒളിവില്‍ കഴിഞ്ഞതായി സൂചനയുണ്ട്. നേരത്തെ വടകരയിലും വിദ്യ എത്തിയിരുന്നു.
വിദ്യയെ സഹായിച്ചയാളെ പൊലീസ് തിരിച്ചറിയുകയും ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതായി സൂചനയുണ്ട്. എന്നാല്‍ കേസ് നടപടികള്‍ ഒഴിവാക്കാന്‍ പൊലീസ് പേരു വിവരം പുറത്തുവിട്ടിട്ടില്ല. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.