തിരുവനന്തപുരം : ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി യുവമോർച്ച നേതാവ് പ്രശാന്ത് ശിവനെ നിശ്ചയതിനെതിരെ ഒരു വിഭാഗം നേതാക്കൾ നടത്തിയ നീക്കത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വമാണ് എല്ലാ ജില്ലാ പ്രസിഡൻ്റുമാരുടെയും കാര്യത്തിൽ തീരുമാനമെടുത്തത്. അതിന് എതിരായി സംസാരിക്കാൻ ഒരാൾക്കും അവകാശമില്ല. അങ്ങനെ ആരെങ്കിലും സംസാരിച്ചാൽ അവർ എത്ര ഉന്നതരായാലും പാർട്ടിക്കകത്ത് ഉണ്ടാകില്ല. പാലക്കാട് നഗരസഭയിൽ ഒന്നും സംഭവിക്കില്ല, പാർട്ടി ദേശീയ അധ്യക്ഷനും അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയും അംഗീകരിച്ച പട്ടികയ്ക്ക് അപ്പുറം ഒന്നുമില്ലെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.
“ബിജെപിയെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. സംഘടനാ തെരഞ്ഞെടുപ്പിൽ നാല് വനിതകൾക്ക് ജില്ലാ അധ്യക്ഷസ്ഥാനം നൽകിയ കേരളത്തിലെ ഏക പാർട്ടിയാണ് ബിജെപി. സിപിഐഎമ്മിൻ്റെ ഏതെങ്കിലും ഒരു ജില്ലാ സെക്രട്ടറിസ്ഥാനത്ത് വനിതയുണ്ടോ? ഏതെങ്കിലും ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് വനിതയുണ്ടോ? നാല് വനിതാ നേതാക്കൾക്കാണ് ബിജെപി അവസരം നൽകിയത്. ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട മൂന്ന് നേതാക്കളും ജില്ലാ പ്രസിഡൻ്റുമാരാകും. രണ്ട് പട്ടികജാതി നേതാക്കൾക്കും ജില്ലാ പ്രസിഡൻ്റുമാരാകാൻ അവസരം നൽകിയിട്ടുണ്ട്”.
എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ജില്ലാ കമ്മിറ്റി പുനസംഘടന കേരള ബിജെപിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും അനുമതിയോടെയാണ് എല്ലാ ജില്ലാ പ്രസിഡൻ്റുമാരുടെയും കാര്യത്തിൽ തീരുമാനമെടുത്തത്. 27 ജില്ലാ പ്രസിഡൻ്റുമാരെ കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ജെപി നദ്ദയും ബിഎൽ സന്തോഷും അംഗീകരിച്ച പട്ടിക മാത്രമേ നടപ്പിലാക്കൂ. അതിനപ്പുറത്ത് ആർക്കും സംസാരിക്കാൻ അവകാശമില്ല. കൃത്യമായ കണക്കുകൂട്ടലോടെയാണ് ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചിരിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം പ്രശാന്ത് ശിവൻ ജില്ലാ പ്രസിഡൻ്റാകുന്നതിൽ എതിർപ്പറിയിച്ചവരിൽ പാലക്കാട് നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും കൗൺസിലർമാരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ രാജിവെക്കാൻ നീക്കം നടത്തുന്നുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിലുണ്ട്.