പത്തനംതിട്ട : കെപിസിസി പ്രസിഡന്റ് കെ സുധാകരന് പകരം കെ സുരേന്ദ്രന് സ്വാഗതം പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി. കെ സുധാകരന് എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്നി’ ജാഥയുടെ സംസ്ഥാന തല ഉദ്ഘാടനത്തിലാണ് ആന്റോ ആന്റണിക്ക് അമളി പറ്റിയത്. സമരാഗ്നി ജാഥയ്ക്കു പത്തനംതിട്ടയില്‍ നല്കിയ സ്വീകരണ യോഗത്തിനിടെയാണു പത്തനംതിട്ട എംപി കൂടിയായ ആന്റോ ആന്റണിക്കു പേരു മാറിപ്പോയത്.
‘സമരാഗ്നിയുടെ നായകന്, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷന്‍ ബഹുമാന്യനായ കെ സുരേന്ദ്രന് അവര്‍കളേ…”എന്നായിരുന്നു ആന്റോ ആന്റണിയുടെ സ്വാഗത വാക്കുകള്‍. ഉടന്‍ തന്നെ അമളി മനസ്സിലാക്കി സുധാകരന് ഉള്‍പ്പെടെയുള്ളവരുള്ള വേദിയിലേക്കു തിരിഞ്ഞുനോക്കിയ ശേഷം ‘കെ സുധാകരന് അവര്‍കളേ…’ എന്ന് അദ്ദേഹം തിരുത്തുകയും ചെയ്തു.
കെപിസിസി പ്രസിഡന്റ് എന്നു കൃത്യമായി പറഞ്ഞെങ്കിലും പേരു പറഞ്ഞപ്പോള്‍ കെ സുധാകരനു പകരം കെ സുരേന്ദ്രന് എന്നാണ് പറഞ്ഞത്. പറ്റിയ അബദ്ധം മനസ്സിലാക്കിയ ആന്റോ ആന്റണി ഉടന്‍തന്നെ തിരുത്തുകയും ചെയ്തു.
ജനുവരി 21നു കാസര്‍കോട്ടുനിന്ന് ആരംഭിച്ച യാത്രയാണ് ഇന്ന് പത്തനംതിട്ട ജില്ലയില്‍ എത്തിയത്. ഈ മാസം അവസാനം തിരുവനന്തപുരത്താണ് ജാഥ സമാപിക്കുക. 140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തുന്നുണ്ട്.