തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗവും പിണറായി സര്‍ക്കാരിനെതിരെയുളള അതിശക്തമായ ഭരണവിരുദ്ധ വികാരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഈ തെരഞ്ഞെടുപ്പ് ഫലം താത്കാലികമായ പ്രതിഭാസമാണെന്നും പ്രധാനനേതാക്കള്‍ മരിച്ച എല്ലാ ഉപതെരഞ്ഞടുപ്പിലും ഇങ്ങനെയായിരുന്നു ഫലമെന്നും സുരേന്ദ്രന് പറഞ്ഞു.
‘രണ്ടുകാര്യങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി വലിയ സഹതാപതരംഗം ഉണ്ടായി. കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് മരിച്ചിട്ട് 40 ദിവസം കഴിയുന്നതിനിടെ ഉണ്ടായ തെരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കും മുന്നണിക്കും സാധിച്ചു. അതാണ് ചാണ്ടി ഉമ്മന്‍ ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാനായത്.
പിണറായി സര്‍ക്കാരിനെതിരെയുളള അതിശക്തമായ ഭരണവിരുദ്ധ തരംഗവും പ്രതിഫലിച്ചതാണ് രണ്ടാമത്തെ. ജനങ്ങളുടെ മുന്നില്‍ പിണറായി വിജയനെ എങ്ങനെയെങ്കിലും ഒരു പാഠം പഠിപ്പിക്കുകയെന്ന ഒരു അജണ്ട മാത്രമാണ് ഉണ്ടായിരുന്നത്. മാസപ്പടി വിവാദത്തിലും നിരവധി അഴിമതിക്കേസുകളിലും പെട്ട് വലിയതോതിലുള്ള ഭരണസ്തംഭനം ഉണ്ടായതും ഓണക്കാലത്തുപോലും ജനങ്ങളെ ദ്രോഹിക്കുന്നതുമായ നടപടി സ്വകീരിച്ചപ്പോള് കിട്ടിയ അവസരം ജനം നന്നായി പ്രധാനപ്രതിപക്ഷത്തെ പിന്തുണച്ചുകൊണ്ടു ഉപയോഗിച്ചതുമാണ് ഫലം ഇങ്ങനെ വരാന്‍ കാരണമായത്. വലിയ തകര്‍ച്ചയാണ് എല്‍ഡിഎഫിന് സംസ്ഥാനത്തുണ്ടാകുന്നുവെന്നതിന്റെ സൂചനയാണിത്. ഈ തെരഞ്ഞെടുപ്പ് ഫലം താത്കാലിക പ്രതിഭാസമാണ്. പ്രധാനനേതാക്കള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞടുപ്പില്‍ നമ്മള് കണ്ടിട്ടുണ്ട്. തൃക്കാക്കരയിലും അരുവിക്കരയിലും അതുതന്നെയാണ് സംഭവിച്ചത്. ഇതില്‍ വ്യത്യസ്തമായ സംഭവിച്ചത് പാലായില്‍ മാത്രമാണ്. ഇത് അസാധാരണമായ വിധിയെഴുത്തായി കാണേണ്ടതില്ലെന്നും സുരേന്ദ്രന് പറഞ്ഞു.