കോഴിക്കോട് : ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ട വിഷയത്തില്‍ പ്രതികരണവുമായി ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇക്കാര്യത്തില്‍ മന്ത്രിക്ക് ഒരു തരത്തിലുള്ള അപകര്‍ഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ക്ഷേത്രത്തിലെ പൂജാരിമാര്‍ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാല്‍പോലും അവര്‍ അന്യരെ സ്പര്‍ശിക്കാറില്ല. അതിനു കാരണം അവര്‍ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണെന്ന് കെ സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :-
പ്രിയപ്പെട്ട രാധാകൃഷ്ണന് ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകര്‍ഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തില്‍ ബ്രാഹ്മണര്‍ ജനസംഖ്യയില്‍ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവര്‍ണ്ണരെന്ന് വിളിക്കുന്നവര്‍ അവര്‍ണ്ണരെ അപേക്ഷിച്ച് എണ്ണത്തില്‍ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാര്‍ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാല്‍പോലും അവര്‍ അന്യരെ സ്പര്‍ശിക്കാറില്ല. അതിനു കാരണം അവര്‍ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധം. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തര്‍ക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാര്‍ ഇതെല്ലാം ആചരിക്കുന്നത്. അവര്‍ക്കാര്‍ക്കും അയിത്തമില്ല. വെറും പാവങ്ങള്‍. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാര്‍ക്കെല്ലാവര്‍ക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിര്‍വ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം.