തിരുവനന്തപുരം : സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഷംസീര്‍ നടത്തിയത് പരസ്യമായ അപരമത നിന്ദയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ തുടരുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുസ്ലിം മതസമൂഹത്തിന്റെ വിശ്വാസങ്ങളെ പിന്തുണയ്ക്കുകയും ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുകയും ചെയ്യുകയാണ് ഷംസീറെന്ന് സുരേന്ദ്രന് കുറ്റപ്പെടുത്തി. ഖുര്‍ആനെ വിമര്‍ശിക്കാന്‍ ഷംസീര്‍ തയാറാകുമോ എന്നും സുരേന്ദ്രന് ചോദിച്ചു. പ്രസ്താവന പിന്‍വലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയാന്‍ സ്പീക്കര്‍ തയാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മുസ്ലിം ഏകീകരണത്തിനാണ് സിപിഎമ്മിന്റെ ശ്രമം. ഷംസീറും മുഹമ്മദ് റിയാസും സിപിഎമ്മിന്റെ ചാവേറുകളാണ്. പോലീസ് പിഎഫ്ഐ കേന്ദ്രങ്ങള്‍ സംരക്ഷിക്കുകയാണ്. പിഎഫ്ഐയുടെ ഗ്രീന്‍വാലി അടപ്പിക്കാന്‍ എന്‍ഐഎ വേണ്ടിവന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.സിപിഎം നിരോധിക്കപ്പെട്ട പിഎഫ്ഐയില്‍ നിന്നുള്ള ആളുകളെ ഡിവൈഎഫ്ഐയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസത്തെ കുറിച്ച് പറയാന്‍ എ.കെ. ബാലന് എന്താണ് അവകാശമെന്നും സുരേന്ദ്രന് ചോദിച്ചു.
കോണ്‍ഗ്രസ് നേതാക്കളുടെ മൗനം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും ഭയന്നിട്ടാണോ എന്നും സുരേന്ദ്രന് പരിഹസിച്ചു. കെ.മുരളീധരന് അടക്കമുള്ളവരുടെ മൗനം ദുരൂഹമാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരളത്തിലെ ഹിന്ദു സമൂഹമെന്നും നിയമസഭയ്ക്ക് പുറത്ത് ഷംസീറിനെതിരേ സമരം ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു. ഹിന്ദുക്കളുടെ വിഷയമാണ് എന്‍എസ്എസ് ഉയര്‍ത്തുന്നത്. അതിനാൽ എന്‍എസ്എസിന്റെ നാമജപ ഘോഷയാത്രയില്‍ ബിജെപി അണിചേരുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.