തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് ഉറപ്പ്. പാര്‍ട്ടിക്കുള്ളില്‍ താന്‍ അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ കെ സുധാകരന് ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ലെന്ന് ഹൈക്കമാന്റ് ഉറപ്പുനല്‍കിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന യുഡിഎഫിന്റെ മലയോര പ്രചരണ ജാഥ ഉണ്ട്. ഇന്ന് ഇത് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്നത് മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാല്‍ ആണ്. കണ്ണൂരില്‍ എത്തുന്ന കെ സി വേണുഗോപാല്‍, കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിക്കുള്ളില്‍ താന്‍ അറിയാതെ നടക്കുന്ന നേതൃമാറ്റ ചര്‍ച്ചകളില്‍ ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച. കെ സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടക്കുന്നത്. കെ സി വേണുഗോപാല്‍ വി ഡി സതീശനുമായും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ നേതൃമാറ്റത്തിനായി ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷി പാര്‍ട്ടി നേതാക്കളെ പ്രത്യേകമായി കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കുകയാണ്. ഇപ്പോള്‍ നേതൃമാറ്റം നടത്തുകയാണെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കെ സുധാകരനെ പോലെ തലയെടുപ്പുള്ള നേതാവ് വേണം. അത്തരത്തില്‍ തലയെടുപ്പുള്ള ഒരു നേതാവിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിയുമോ എന്ന ആശങ്ക ഹൈക്കമാന്റിന് ഉണ്ട്. മികച്ച നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്. ഈ പശ്ചാത്തലത്തിലാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റേണ്ടതില്ല എന്ന തീരുമാനത്തില്‍ ഹൈക്കമാന്റ് എത്തിയത്.