കോഴിക്കോട് : ലേഖന വിവാദത്തില്‍ ശശി തരൂരിനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. തരൂരിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ച് വലുതാക്കുകയായിരുന്നു. വലിയ ദ്രോഹമൊന്നും തരൂര്‍ പറഞ്ഞിട്ടില്ല. ആ പ്രസ്താവന പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കിട്ടില്ലെന്നും കെ സുധാകരന് പറഞ്ഞു.
”അത്ര വലിയ കഷ്ടമൊന്നും പറഞ്ഞിട്ടില്ല. അതിനുമാത്രമുള്ള വലിയ ദ്രോഹമൊന്നും അയാള്‍ ചെയ്തിട്ടില്ല. അതിനെ വ്യാഖ്യാനിച്ച്, വ്യാഖ്യാനിച്ച് അതിനെ അങ്ങ് കടലിലേക്ക് കൊണ്ടുപോകുകയാണ്. നേതാക്കളില്‍ വ്യത്യസ്തമായ സ്വഭാവമുള്ള ആളുകള്‍ ഉണ്ടാകും. അതിനനുസരിച്ച് അവര്‍ പ്രതികരിക്കും. അതൊന്നും ഉള്ളില്‍ത്തട്ടിയല്ല എന്നാണ് എന്റെ വിശ്വാസം”. കെ സുധാകരന് പറഞ്ഞു.
‘തരൂരിന്റെ പ്രസ്താവന ചില അര്‍ധസത്യങ്ങളുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഒരു പ്രസ്താവന നടത്തിയതിൽ ഒരു നേരിയ പ്രശ്നം വന്നപ്പോൾ അത് അവിടെ അവസാനിപ്പിക്കുകയല്ലേ നേതാക്കൾ ചെയ്യേണ്ടത്. താൻ ശശിയെ വിളിച്ചിരുന്നു. ഇനി മേലിൽ അത്തരത്തിൽ ഉണ്ടാകരുതെന്ന് പാർട്ടി തലത്തിൽ തീരുമാനമെടുത്താൽ അതോടെ പ്രശ്നം തീർന്നു. ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുക്കില്ലെന്നും’ കെ സുധാകരന് പറഞ്ഞു.
വിവാദ ലേഖനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്, നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരന്, എംഎം ഹസന് തുടങ്ങിയവര്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ രാഹുൽ ഗാന്ധി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് പരസ്യപ്രതികരണത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു.