തിരുവനന്തപുരം : സോളാര്‍ ലൈംഗികാരോപണ ഗൂഢാലോചന കേസില്‍ സിബിഐ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞത് നട്ടാല്‍ കുരുക്കാത്ത നുണയെന്ന് കെ. സുധാകരൻ
റിപ്പോര്‍ട്ട് ജൂണ്‍ 19-ന് തന്നെ സര്‍ക്കാരിന് ലഭിച്ചതാണെന്നും മൂന്ന് മാസം റിപ്പോര്ട്ടിന്മേല് അടയിരുന്നതിന് ശേഷമാണ് മുഖ്യമന്ത്രി സഭയില്‍ പച്ചക്കളളം തട്ടിവിട്ടതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രസ്താവിച്ചു.
സിബിഐ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് ലഭിക്കാനായി സീനിയല്‍ ഗവ. പ്ലീഡര്‍ എസ്. ചന്ദ്രശേഖരന് നായര്‍ ജൂണ്‍ എട്ടിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെന്ന് സുധാകരൻ പറഞ്ഞു.
അപേക്ഷ പരിഗണിച്ച കോടതി, ജൂണ്‍ 19-ന് റിപ്പോർട്ട് കൈമാറി. 76 പേജുകളുള്ള റിപ്പോര്‍ട്ടിന്റെ അവസാന പേജില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മാസം റിപ്പോര്ട്ടിന്മേല് അടയിരുന്നശേഷമാണ് മുഖ്യമന്ത്രി സഭയില്‍ പച്ചക്കളളം തട്ടിവിട്ടത്. ഇത് നിയമസഭാംഗങ്ങളുടെ അവകാശത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്നും സുധാകരന് അഭിപ്രായപ്പെട്ടു.
പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടാന്‍ സോളാര്‍ കേസ് നികൃഷ്ഠമായി ഉപയോഗിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദല്ലാള്‍ നന്ദകുമാര്‍ പലവട്ടം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന്റെ വിശാദംശങ്ങള്‍ പുറത്തുവന്നു. നന്ദകുമാര്‍ വിവാദ വനിതയ്ക്ക് 50 ലക്ഷം രൂപ നൽകിയാണ് കത്ത് കൈക്കലാക്കിയത്.
സിപിഎമ്മിന്റെ ശക്തമായ സമ്മര്‍ദം മൂലമാണ് നന്ദകുമാര്‍ വിവാദ വനിതയ്ക്ക് പണം നല്‍കിയതെന്ന് സിബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഭരണം പിടിക്കാന്‍ സിപിഎം കണ്ടെത്തിയ നികൃഷ്ടമായ വഴിയായിരുന്നു ഇത്.
സോളാര്‍ കേസിന്റെ പ്രഭവകേന്ദ്രമായ കെ.ബി. ഗണേഷ്കുമാറിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. വിവാദ വനിതയെ ആറ് മാസം തടവിലിട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തിലിനുശേഷവും ഗണേഷ് കുമാറിനെതിരേ നടപടിയില്ല.
കേരള രാഷ്ട്രീയത്തെ അങ്ങേയറ്റം മലീമസമാക്കിയ സിപിഎമ്മിന്റെ മുഖംമൂടിയാണ് കൊഴിഞ്ഞുവീഴുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു