തിരുവനന്തപുരം : കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയത് നരനായാട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെഎസ്യു വിദ്യാർഥികളോട് തരംതിരിവു കാട്ടിയെന്നും തല്ലിച്ചതയ്ക്കാൻ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയെന്നും സുധാകരൻ പറഞ്ഞു. ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കെഎസ്യു പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയത് തെമ്മാടിത്തരമാണ്. പ്രതിഷേധക്കാരുടെ തലക്കടിച്ച് വീഴ്ത്താൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.
കെഎസ്യു പ്രവർത്തകർക്കെതിരെ ലാത്തി ചാർജ് നടത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണെന്നും സുധാകരൻ ആരോപിച്ചു.
കുട്ടികളാണെന്ന പരിഗണന പോലും നൽകിയില്ല. ആൺ പെൺ ഭേദമില്ലാതെ കണ്ണിച്ചോരയില്ലാത്ത വിധം തല്ലിച്ചതച്ചു. പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടനെ ഒരു ജനപ്രതിനിധിയെന്ന പരിഗണന പോലും നൽകാതെ പൊലീസ് മർദ്ദിച്ചത് പ്രതിഷേധാർഹമാണെന്നും സുധാകരൻ പറഞ്ഞു.
കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന് പകരം കുട്ടികളെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് വിരോധാഭാസമാണ്. കേസും ലാത്തിയും എല്ലാം കോൺഗ്രസ് ഒരുപാട് കണ്ടിട്ടുള്ളതാണ്. കോൺഗ്രസ് കണക്ക് ചോദിക്കാൻ ഇറങ്ങുമ്പോൾ ഇതേ വീര്യം അപ്പോഴും പൊലീസ് കാട്ടണണെന്നും. പിണറായിയുടെ പാദസേവ ചെയ്യുന്ന പൊലീസുകാർക്ക് അർഹിക്കുന്ന കൂലിയെന്തായാലും കോൺഗ്രസ് നൽകുമെന്നും കെ സുധാകരൻ പറഞ്ഞു.