


കണ്ണൂര്‍ : കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ക്കിടയിലെ അതൃപ്തി പരസ്യമായി പുറത്തുവരുന്നതിനിടെ പരിഹാസ രൂപേണ പ്രതികരിച്ച് കെ സുധാകരന് എം പി. പുനഃസംഘടനയില്‍ തൃപ്തനാണെന്ന് പ്രതികരിച്ച കെ സുധാകരന് ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നും പരിഹാസ രൂപേണ പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുനഃസംഘടനാ വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. കെപിസിസി പുനഃസംഘടനയില്‍ കണ്ണൂരില്‍ നിന്നും സുധാകര വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ മുരളീധരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആണ് നിലപാട് പരസ്യമാക്കിയിരിക്കുന്നത്. കെപിസിസി നടത്തുന്ന ശബരിമല വിശ്വസ സംരക്ഷണ ജാഥ സമാപനത്തിന് ക്യാപ്റ്റന്മാരില് ഒരാളായ കെ മുരളീധരന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
13 വൈസ് പ്രസിഡന്റ് മാരും 58 ജനറല്‍ സെക്രട്ടറിമാരും ഉൾപ്പെട്ട ജംബോ കമ്മിറ്റിയെയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാതെയാണ് ഭാരവാഹി പട്ടിക ദേശീയ നേതൃത്വം പുറത്തിറക്കിയിരിക്കുന്നത്.