തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാരെ മർദിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പട്ടാളം വന്നാലും പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെയാണ് കെപിസിസി അധ്യക്ഷൻ സ്ഥലത്തെത്തിയത്.
തിരുവനന്തപുരത്ത് എം.എം ഹസൻ പ്രസംഗിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പൊലീസിന്റെ ഷീൽഡ് പ്രവർത്തകർ ബലം പ്രയോഗിച്ച് നശിപ്പിച്ചു. പൊലീസിന്റെ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിക്കും പരിക്കേറ്റു. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബിൻ വർക്കിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
പരിക്കേറ്റിട്ടും അബിൻ വർക്കി ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതെ പ്രതിഷേധിക്കുകയിരുന്നു. ആക്രമിച്ച കൻ്റോൺമെൻ്റ് എസ്ഐ ജിജുവിനെ സ്ഥലത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ സംഘർഷ സ്ഥലത്തെത്തി അനുനയിപ്പിച്ചതോടെയാണ് അബിനെ ആശുപത്രിയിലേക്ക് മാറ്റിയത്.