തിരുവനന്തപുരം : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റിനെതിരെ വിമര്‍ശനം ഉന്നയിച്ച എഐസിസി വക്താവ് ഷമ മുഹമ്മദിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഷമ മുഹമ്മദ് കോണ്‍ഗ്രസിന്റെ ആരുമല്ല. വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാല്‍ മതിയെന്നും കെ സുധാകരന് പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തിന് വനിതകളെ പരിഗണിച്ചില്ലെന്ന ഷമ മുഹമ്മദിന്റെ വിമർശനത്തിനാണ് സുധാകരന് രൂക്ഷമായി പ്രതികരിച്ചത്. കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ് ഷമ മുഹമ്മദ് അതൃപ്തി പ്രകടിപ്പിച്ചത്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസ്സിലാക്കണമെന്നും ഷമ അഭിപ്രായപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. സംവരണ സീറ്റ് ഇല്ലായിരുന്നെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെയെന്നും ഷമ മുഹമ്മദ് വിമര്‍ശിച്ചു. സ്ത്രീകൾക്ക് എപ്പോഴും നൽകുന്നത് തോൽക്കുന്ന സീറ്റാണ്. വടകരയിൽ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ പറഞ്ഞു.