തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചുതരാമെന്ന വാക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാലിച്ചില്ലെങ്കില്‍ താനിനി പാര്‍ട്ടിയില്‍ ഒരു ഔദ്യോഗിക പദവിയും വഹിക്കുകയില്ലെന്ന കെ സുധാകരന്റെ ഭീഷണി ഏറ്റു. ഇതോടെയാണ് അദ്ദേഹത്തോട് സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്. ജൂണ്‍ നാലിന് ശേഷവും കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന് കെ സുധാകരന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയെയും അറിയിച്ചിരുന്നു.
കെ സുധാകരനെ ഇപ്പോള്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പുതിയ ഒരാളെ കണ്ടെത്തേണ്ടി വരും. ജൂണ്‍ നാലിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ പിസിസികളില്‍ അഴിച്ചുപണി നടക്കുമെന്നുറപ്പാണ്. അതിനൊപ്പം കേരളത്തിലും പുതിയ പിസിസി അധ്യക്ഷനെ നിയമിക്കാമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍. ഇപ്പോഴത്തെ അവസ്ഥയില്‍ കെ സുധാകരനെ മാറ്റുന്നത് അപകടകരമാണെന്നും ഹൈക്കമാന്‍ഡ് മനസിലാക്കി. അങ്ങിനെയാണ് സുധാകരന്റെ ഭീഷണിക്ക് എഐസിസി നേതൃത്വം വഴങ്ങിയത്.തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേണ്ടി ഒഴിഞ്ഞ കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചുതരാതെ അപമാനിക്കാന്‍ ശ്രമിക്കുന്നത് കെസി വേണുഗോപാലാണെന്നും സുധാകരന് ഹൈക്കമാന്‍ഡ് പ്രതിനിധി ദീപാദാസ് മുന്‍ഷിയോട് പരാതി പറഞ്ഞിരുന്നു. അതോടെ കെ സുധാകരനെ തണുപ്പിക്കേണ്ടത് കെസിയുടെയും ബാധ്യതയായി. ഇതോടെയാണ് മഞ്ഞുരുകിയത്. തൊട്ടടുത്ത ദിവസം തന്നെ കെപിസിസി അധ്യക്ഷന്റെ ചുമതല ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് അനുമതി നല്‍കുകയും ചെയ്തു.
എംഎം ഹസനെ അധ്യക്ഷ സ്ഥാനത്ത് അധികകാലം ഇരുത്തുന്നത് ശരിയല്ലെന്ന അഭിപ്രായവും കോണ്‍ഗ്രസിലെ സീനീയര്‍ നേതാക്കള്‍ക്കുണ്ടായി. അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ യുഡിഎഫ് കണ്‍വീനറായി പുതിയ ഒരാളെ കണ്ടെത്തേണ്ടി വരും. അത് വീണ്ടും തലവേദനയാകും. അപ്പോള്‍ നിലവിലുള്ള സാഹചര്യത്തില്‍ മാറ്റം വരുത്തേണ്ടെന്നായിരുന്നു ഹൈക്കാമന്‍ഡ് തീരുമാനം. കണ്ണൂരില്‍ സുധാകരന് ജയിച്ചാൽ പിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റുമെന്ന സൂചന ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്. എന്നാല്‍ ജാതിമതപ്രാദേശിക സമവാക്യങ്ങള്‍ ഒത്തുചേരുന്ന ഒരാളെ തപ്പിയെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ സുധാകരന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും ഇല്ലാത്ത അവസ്ഥയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് കടുപ്പിക്കുകയാണ്. വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നുമുണ്ട്. അതിനൊക്കെ നേതൃത്വം നല്‍കേണ്ടത് കെപിസിസിയാണ്. മോണ്സണ് മാവുങ്കലിന്റെ പണാപഹരണകേസില്‍ സുധാകരനെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. സുധാകരന് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ആ കേസുകളെല്ലാം സര്‍ക്കാര്‍ കടുപ്പിക്കുമോ എന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
ഏപ്രില്‍ 26 ന്ശേഷം കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തിരിച്ചുകൊണ്ടുവരാമെന്ന് ഉറപ്പുകൊടുത്തിട്ടാണ് അദ്ദേഹത്തെ കണ്ണൂരില്‍ മല്‍സരിപ്പിച്ചത്. അതു വിശ്വസിച്ച് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ദിരാഭവനില്‍ മെയ് രണ്ടിനെത്തിയ സുധാകരന് ആ പദവി തിരിച്ചുനല്‍കാന്‍ എംഎം ഹസന് തയ്യാറായില്ല. വെറും കയ്യോടെ സുധാകരന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. വലിയൊരു അപമാനമായിട്ടാണ് അദ്ദേഹം ഇതിനെ കണ്ടത്. കടുത്ത ഭാഷയില്‍ ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് പറയുകയും ചെയ്തു.
കെ സുധാകരനെ പിണക്കേണ്ടെന്നും എത്രയും വേഗം വിഷയം തീര്‍ക്കണമെന്നും കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് കെസി വേണുഗോപാലിനോടാവശ്യപ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷനല്ലാതിരിക്കുന്ന സുധാകരനെ കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അധ്യക്ഷ സ്ഥാനത്തിരുത്തിയാല്‍ പ്രശ്നങ്ങള്‍ തീര്ന്നുകൊള്ളുമെന്നും ഹൈക്കാമന്‍ഡിന് മനസിലായി. ഇതോടെയാണ് അടുത്ത ദിവസം തന്നെ ചുമതലയേറ്റടുത്തോളാന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയത്.