കൊച്ചി: ഏകവ്യക്തി നിയമത്തില്‍ മുസ്ലീം ലീഗിനെ സമരത്തിന് ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അദ്ദേഹത്തിന്റെ തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ?. എകവ്യക്തിനിയത്തില് അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുമെന്നും കെ സുധാകരന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലീഗിനെ സമരത്തിന് ക്ഷണിച്ച ഗോവിന്ദന്റെ വാക്കിന് മറുപടിയില്ലെന്ന് സുധാകരന് പറഞ്ഞു. ‘എന്ത് ലക്ഷ്യംവച്ചാണ് ഗോവിന്ദന് അത് പറഞ്ഞതെന്ന് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം. തലയ്ക്ക് എന്തെങ്കിലും അസുഖമുണ്ടോ? ലീഗും അവരും തമ്മില്‍ എവിടെയെങ്കിലും ബന്ധമുണ്ടോ?. പിന്നെ എന്തിന് ലീഗിന്റെ കാര്യം കൂട്ടിക്കെട്ടുന്നത്. മുഖ്യമന്ത്രിയുടെ കൂടെ പോകാമെന്ന് ലീഗുകാര്‍ പറഞ്ഞോ?’- സുധാകരന് ചോദിച്ചു. കോണ്‍ഗ്രസ് അഖിലേന്ത്യാപാര്ട്ടിയാണ്. എകസിവില്‍ കോഡ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ആ തീരുമാനത്തിനായി കെപിസിസി കാത്തിരിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
തലസ്ഥാനം കൊച്ചിയാക്കണമെന്ന ഹൈബി ഈഡന്റെ അഭിപ്രായം പാര്‍ട്ടി നിലപാടാണോ എന്ന ചോദ്യത്തിന് സുധാകരന്റെ മറുപടി ഇങ്ങനെ; അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹം അവിടത്തെ എംപിയാണ്. പ്രാദേശികവികസനത്തിന്റെ അടിസ്ഥാനത്തിലാവാം അങ്ങനെ പറഞ്ഞത്. ഇക്കാര്യത്തില്‍ പൊതുജന താത്പര്യങ്ങള്‍ കൂടി നോക്കിയേ പരിഗണിക്കാന്‍ എല്ലാവര്ക്കും സാധിക്കു. എംപിയെന്ന നിലയില്‍ വ്യക്തിപരമായ അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ അത്തരമൊരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സുധാകരന് പറഞ്ഞു.