തൃശൂര്‍ : ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്. പൗരസാഗരത്തില്‍ പങ്കെടുത്ത് വീഡിയോയിലൂടെയായിരുന്നു കെ സച്ചിദാനന്ദന് ആശമാര്‍ക്കൊപ്പം ചേര്‍ന്നത്. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സച്ചിദാനന്ദന് ഉന്നയിച്ചത്. സമരം ചെയ്യുന്നത് സ്ത്രീകള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ മറുപടികള്‍ നിര്‍ഭാഗ്യകരമെന്നും കെ സച്ചിദാനന്ദന് കുറ്റപ്പെടുത്തി. ചെറിയ ഒരു വര്‍ധന എങ്കിലും അനുവദിച്ച് എന്ത് കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ അതിന് പ്രധാന കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ത്ഥികള്‍ ആണോ ആശാവര്‍ക്കര്‍മാരെന്നും കെ സച്ചിദാനന്ദന് ചോദിച്ചു. സര്‍ക്കാരിനെതിരേ ഭരണപക്ഷ തൊഴിലാളി യൂണിയന് സമരം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. ഭരണവും സമരവും എന്നായിരുന്നു ഇംഎംഎസ് മുന്നോട്ടു വച്ച മുദ്രവാക്യമെന്നും സച്ചിദാനന്ദന് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ഹതാശരായ ആശ വര്‍ക്കര്‍മാരാണ് ഇന്ന് കേരള സര്‍ക്കാരിനോട് അല്പമെങ്കിലും ഓണറേറിയം വര്‍ധിപ്പിച്ച് ഈ സമരം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നത്. കേരള സര്‍ക്കാരിന്റെ നിര്‍ഭാഗ്യകരമായ മറുപടികള്‍ നാം എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്. അത് പലതരത്തില്‍ നിര്‍ഭാഗ്യകരമാണ്. എങ്കിലും ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ അത് അങ്ങേയറ്റം അപലപീനയമായി മാറുന്നു. ഇതൊരുകേന്ദ്ര പദ്ധതിയാണെന്നാണ് അവരുടെ ഒന്നാമത്തെ മറുപടി. അതുകൊണ്ട് ഡല്‍ഹിയില്‍ പോയി സമരം ചെയ്യൂ എന്നാണ് ഹതാശകളായ ആശ വര്‍ക്കര്‍മാരോട് നമ്മുടെ സര്‍ക്കാര്‍ പറയുന്നത്. ആരാണ് ഓണറേറിയം നല്‍കുന്നത്?. ഇതേയാളുകള്‍ പറയുന്നു ഓണറേറിയം 7000 രൂപവരെ വര്‍ധിപ്പിച്ചത് ഈ സര്‍ക്കാര്‍ ആണെന്ന്. എങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ചെറിയ വര്‍ധന നല്കി ഈ ഓണറേറിയം കൂട്ടി നല്കി അവസാനിപ്പിച്ചുകൂടായെന്നും സച്ചിദാനന്ദന് ചോദിച്ചു.