ചെന്നൈ: തമിഴ്നാട് മന്ത്രിയായി കെ.പൊന്മുടി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ രവി പൊന്മുടിക്ക് സത്യവാചകം ചൊല്ലികൊടുത്തു. പൊന്മുടിയെ അഭിനന്ദിച്ച ഗവർണർ ചടങ്ങിനിടെ സ്റ്റാലിനുമായി സൗഹാർദ്ദ സംഭാഷണം നടത്തി. പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് എ.ജി രാവിലെ കോടതിയെ അറിയിച്ചിരുന്നു.
കോടതി കാരണം ജനാധിപത്യം നിലനിന്നുവെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ പ്രതികരിച്ചത്. ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തിട്ടും പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തങ്ങളുടെ ഉത്തരവിനെ ധിക്കരിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ താക്കീത്. ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ കെ.പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാത്ത വിഷയത്തിലാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പൊട്ടിത്തെറിച്ചത്.
തമിഴ്നാട് ഗവര്‍ണറുടെ നടപടിയില്‍ കടുത്ത ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു. തീരുമാനമെടുത്തില്ലെങ്കില്‍, കേസ് ഇന്നു പരിഗണിക്കുമ്പോള്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ മടിക്കില്ലെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് ഗവര്‍ണര്‍ വഴങ്ങിയത്. കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിര്‍ദേശം തള്ളിയ ഗവര്‍ണര്‍ ആര്.എന്‍.രവിക്കെതിരെ തമിഴ്നാട് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നല്കാന് ഗവര്‍ണറോട് കോടതി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.