കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന് തുടർഭരണത്തിന്റെ അഹങ്കാരമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. സുരക്ഷാ കവചത്തിന്റെ സഹായത്തോടെ മൗനത്തിന്റെ വാൽമീകത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഠിക്കുകയാണ് പിണറായി വിജയൻ. സിപിഎം സെക്രട്ടറി എം വി ഗോവിന്ദൻ ഒരു കിങ്കരനെ പോലെ പ്രവർത്തിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിഎംആർഎൽ പണം നൽകിയെന്നത് അഴിമതി ആരോപണമല്ല, ഏജൻസിയുടെ കണ്ടെത്തലാണ്. മാത്യു കുഴൽനാടൻ ആരോപണങ്ങൾ ഉന്നയിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ആരോപണം ഉന്നയിക്കുന്നവരെ സർക്കാർ വേട്ടയാടുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് വെഞ്ചാമരം വീശുകയാണ് എം വി ഗോവിന്ദനെന്നും ചെന്നിത്തല ആരോപിച്ചു.
കെ ഫോൺ പദ്ധതിയിൽ വൻ അഴിമതിയാണ്. കെ ഫോണ്‍ ഇന്റര്‍നെറ്റില്‍ ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി ഗുജറാത്ത് കമ്പനിക്ക് നല്‍കാനാണ് നീക്കം. ഇഷാന് ഇന്‍ഫോടെക്കുമായി കരാര്‍ ഉണ്ടാക്കുന്നത് അഴിമതി ലക്ഷ്യമിട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇഷാൻ ഇൻഫോടെക് മോദിയുമായി അടുത്ത ബന്ധമുള്ള കമ്പനിയാണ്. മുഖ്യമന്ത്രിയും മോദിയുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമാകുന്നു. ഇതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഒരേ പറ്റേണിൽ ഉള്ള അഴിമതികൾ ഐടിയുമായി ബന്ധപ്പെട്ട് വരുന്നു. എല്ലാത്തിന്റേയും പിന്നിൽ മുഖ്യമന്ത്രിയാണ്. കെ ഫോൺ അഴിമതിയാണെന്നു താൻ പറഞ്ഞത് സത്യമായില്ലേയെന്നും ചെന്നിത്തല ചോദിച്ചു. കെ ഫോൺ ബെൽകൺസോർഷ്യത്തിന് നൽകിയ പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് 36 കോടി രൂപ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തൽ. ശിവശങ്കറിന്റേയോ മുഖ്യമന്ത്രിയുടേയോ ശമ്പളത്തിൽ നിന്ന് 36 കോടി തിരിച്ചു പിടിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.