തൃശൂരില്‍ സുരേഷ് ഗോപിയോട് ഏറ്റുമുട്ടി മൂന്നാം സ്ഥാനത്തേക്ക് പോയ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന് കരുക്കള്‍ നീക്കുന്നത് തന്ത്രപരമായി തന്നെ. തല്ക്കാലം മല്‍സരിക്കാനുള്ള മൂഡില്ല എന്ന് പറഞ്ഞത് തന്നെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. തന്റെ പഴയ നിയോജകമണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ നിന്നും അസംബ്ളിയിലേക്ക് മല്‍സരിക്കാനുള്ള നീക്കമാണ് മുരളീധരന് നടത്തുന്നത്. തനിക്ക് താല്പര്യം അതിനാണെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തോട് തുറന്ന് പറയുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതില്‍ ഒട്ടും താല്‍പ്പര്യവുമില്ല. കാരണം മുരളി ജയിക്കുകയും ഭരണം കിട്ടുകയും ചെയ്താല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒരു അവകാശി കൂടി വരും. കെ മുരളീധരനെ ലീഗ് പിന്തുണക്കുമെന്നും വിഡി സതീശന് അടക്കമുള്ളവര്ക്കറിയാം. അതുകൊണ്ട് മുരളി പാര്‍ലമെന്റിലേക്ക് തന്നെ പോകാനാണ് അവര്‍ക്ക് താല്പര്യം.
ഇതിനിടയില്‍ കെ മുരളീധരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്. `എന്നാല്‍ നിയമസഭാകക്ഷി നേതാവും പിസിസി അധ്യക്ഷനും ഒരേ സമുദായത്തില്പ്പെട്ടവരാകുന്നതിന്റെ അനൗചിത്യം ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല കെ സുധാകരനെ മാറ്റുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന് വലിയ താല്‍പ്പര്യമില്ല.18 സീറ്റുകള്‍ യുഡിഎഫിന് നേടിക്കൊടുക്കുകയും തന്റെ മണ്ഡലമായ കണ്ണൂരില്‍ നിന്നും ഒരു ലക്ഷത്തില്‍പ്പരം വോട്ടിന് ജയിക്കുകയും ചെയ്ത കെ സുധാകരനെ ഇനി എന്ത് പറഞ്ഞ് അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തുമെന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നിലുള്ള ആശയക്കുഴപ്പം. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറേണ്ടി വരുമെന്ന സൂചന നേരത്തെ ഹൈക്കമാന്‍ഡ് അദ്ദേഹത്തിന് നല്‍കുകയും സുധാകരന് അത് സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇനി സുധാകരനെ മാറ്റുന്നതിന് ഒരു ന്യായീകരണവും ഹൈക്കമാൻഡിന് പറയാനില്ല.
കെ മുരളീധരനും കെ സുധാകരനും കോണ്‍ഗ്രസില്‍ പിന്തുണയേറി വരുന്നകാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടത്. ഇവര്‍ രണ്ടുപേരും വിഡി സതീശനുമായി കടുത്ത എതിര്‍പ്പിലുമാണ്. കെ മുരളീധരനെ കോഴിക്കോട് ചെന്നുകണ്ട സുധാകരന് മുരളിക്ക് വേണ്ടി കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. മുരളി കെപിസിസി അധ്യക്ഷനായാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് അത് വലിയ തിരിച്ചടിയായിത്തീരും. കാരണം മുരളിക്ക് കോണ്‍ഗ്രസില്‍ ഇപ്പോഴും നല്ല സ്വാധീനമുണ്ട്. തൃശൂരില്‍ മല്‍സരിക്കുക എന്നത് റിസ്കാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹം മല്‍സരിക്കുകയും പരാജയപ്പെടുകയും ചെയ്തത്. ഇത് കോണ്‍ഗ്രസ് യുഡിഎഫ് അണികളില്‍ ഉണ്ടാക്കിയിരിക്കുന്ന ആവേശം ചെറുതല്ല. അതോടൊപ്പം തന്നെ മുസ്ളിംങ്ങള്‍ അടക്കമുള്ള ന്യുനപക്ഷ വിഭാഗങ്ങള്‍ക്കും കെ മുരളീധരനോട് താല്പര്യമാണ്. ഇതെല്ലാം കേരളത്തിലെ നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയുണ്ടാക്കുന്നതാണ്.
തോല്‍വിയെ രാഷ്ട്രീയായുധമാക്കാനാണ് മുരളീധരന് ലക്ഷ്യമിടുന്നത്. കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാനും അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ട്, എന്നാല്‍ അതിനും അദ്ദേഹം തലകുലുക്കിയിട്ടില്ല. ഇനി വരുന്ന കെപിസിസി പുനസംഘടനയിലടക്കം കെ മുരളീധരന്റെ വാക്കുകള്‍ക്ക് നേതൃത്വം ചെവികൊടുക്കേണ്ടി വരും. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് ഉപേക്ഷിച്ചാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം മുരളി തൃശൂരില്‍ പോരാട്ടത്തിനെത്തിയതെന്നത് കൊണ്ടുതന്നെ അദ്ദേഹത്തിന് ഇനി കേരളത്തിലെ കോണ്‍ഗ്രസില്‍ നിര്‍ണ്ണായകമായ റോള്‍ നിര്വ്വഹിക്കാനുമുണ്ടാകും.
ഇതെല്ലാം മനസിലാക്കിക്കൊണ്ടാണ് തല്ക്കാലം മല്‍സരിക്കാനില്ല എന്ന നിലപാടിലേക്ക് അദ്ദേഹമെത്തിയത്. വയനാട് സീറ്റില്‍ മുരളിയെ മല്‍സരിപ്പിച്ച് ഡല്‍ഹിയിലേക്ക് വിടണമെന്നാണ് വിഡി സതീശന് അടക്കമുള്ള നേതാക്കളുടെ ആഗ്രഹം. തന്നെ കേരളത്തില്‍ നിന്നൊഴിവാക്കാന്‍ പാര്‍ട്ടിയിലെ പലര്‍ക്കും ആഗ്രഹമുണ്ടെന്നും മുരളിക്കറിയാം. അതിനാൽ തൃശൂരിലെ തോല്‍വിയെ പിന്നീട് രാഷ്ട്രീയ വിജയമാക്കാനുള്ള പുറപ്പാടിലാണ് അദ്ദേഹം. പരാജയത്തിനു ചിലപ്പോള്‍ വിജയത്തേക്കാള്‍ വിലയുണ്ടെന്ന് പറയുന്നതും ഇതുകൊണ്ടാണ്.