കോഴിക്കോട്: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അധികാരമേറ്റ് മൂന്നാം ദിവസം കേസിലെ പരാതിക്കാരിക്ക് പിണറായിയെ കാണാന്‍ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും മുരളീധരന് ആരോപിച്ചു.
ഒരു മുഖ്യമന്ത്രിക്കെതിരേ വരുന്ന രാഷ്ട്രീയ ആരോപണമല്ല ഉമ്മന്‍ ചാണ്ടിക്കെതിരേ ഉണ്ടായത്. അദ്ദേഹത്തെ വ്യക്തിപരമായി തകര്‍ത്ത് യുഡിഎഫിനെ ഭരണത്തില്‍നിന്ന് താഴയിറക്കുകയായിരുന്നു ലക്ഷ്യം. ഉമ്മന്‍ ചാണ്ടിയോട് ചെയ്തതിനൊക്കെയാണ് പിണറായി ഇന്ന് അനുഭവിക്കുന്നതെന്നും മുരളീധരന് പറഞ്ഞു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. ഗൂഢാലോചനയ്ക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും പുറത്തുവരണമെന്നുും മുരളീധരന് കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുള്‍പ്പെടുത്തിയതില്‍ ഗൂഢാലോചനയുണ്ടെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. കെ.ബി.ഗണേശ് കുമാര്‍, ബന്ധുവായ ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. പരാതിക്കാരി ജയിലില്‍ കിടന്ന് എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരോ അദ്ദേഹത്തെക്കുറിച്ചുള്ള പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേശ് കുമാര്‍ കൈവശപ്പെടുത്തുകയായിരുന്നു. ശരണ്യ നല്കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കേസുമായി മുന്നോട്ട് പോകാന്‍ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണ്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചതും ഇയാളാണ്. ക്ലിഫ് ഹൗസിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.