തിരുവനന്തപുരം: കെപിസിസി നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ. മുരളീധരന്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുള്ള നിരന്തര അവഗണന മൂലമാണ് ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
സര്‍വീസ് ബ്രേക്ക് പറഞ്ഞാണ് പ്രവര്‍ത്തക സമിതിയില്‍ നിന്നും തന്നെ ചിലര്‍ വെട്ടിയതെന്നും പ്രവര്‍ത്തക സമിതിയിലുള്ളത് തന്റെ ബ്രേക്കിനോളം സര്‍വീസ് ഇല്ലാത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.”ഇനി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചാലും ഞാൻ മന്ത്രിയാകില്ല. അപ്പോഴും തന്നെ തഴയാന്‍ ന്യായീകരണങ്ങളുണ്ടാകും. ചെന്നിത്തല പറഞ്ഞത് പോലെ സമുദായം ചൂണ്ടിക്കാട്ടി തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് വെട്ടിമാറ്റും. മനപ്പൂര്‍വമാണ് പുതുപ്പള്ളിയില്‍ താരപ്രചാരകരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താതിരുന്നത്. വന്‍ വിജയത്തിന് കാരണം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തെക്കാളുപരി ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ദുരനുഭവങ്ങളുണ്ടായത് മൂലമാണ്. പടവെട്ടാനുളള്ള സാഹചര്യമല്ലാത്തതു കൊണ്ടാണ് പല കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി പോകുന്നത്’. യുഡിഎഫിന് അടുത്ത തവണ ഭരണം കിട്ടുമെന്ന് ഉറപ്പാണെന്നും മുരളീധരന് പറഞ്ഞു.
സംസ്ഥാന മന്ത്രിസഭാ പുന:സംഘടന എന്ന വാർത്തയെയും മുരളീധരൻ പരിഹസിച്ചു . ഇത് എല്‍ഡിഎഫിന്റെ ആഭ്യന്തര കാര്യമാണെന്നും പക്ഷേ കേട്ടിടത്തോളം മുഖം കൂടുതല്‍ വികൃതമാകുമെന്നും മുരളീധരന് പറഞ്ഞു.”തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചി പശു പ്രസവിക്കില്ല. ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്നും വീണ ജോര്‍ജിനെ മാറ്റി സ്പീക്കറാക്കുമെന്ന വാര്‍ത്തകള്‍ കാണുന്നുണ്ട്. സ്പീക്കറെ വര്‍ഷം തോറും മാറ്റുന്നത് ശരിയല്ല. ഇപ്പോള്‍ മന്ത്രിസഭയിലുള്ളത് നിയമസഭ തല്ലിതകര്‍ത്തവര്‍ ഉള്‍പ്പടെ പല കേസുകളിലും പ്രതികളായവരാണ്’.
അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തോടുള്ള മുരളീധരന്റെ പ്രതികരണം. “പിണറായിയുടെ പൊലീസ് സോളാര്‍ കേസിലെ ഗൂഢാലോചന അന്വേഷിക്കണ്ട. ഇതില്‍ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായിയുമാണ്. യുഡിഎഫിലേക്ക് ഇനി ഗണേശിനെ എടുക്കില്ല. യുഡിഎഫ് നേതാക്കളിലേക്ക് സോളാര്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം എത്തുമെന്ന് ഭയമില്ല’. വിവാദത്തില്‍ കോണ്‍ഗ്രസിലാര്‍ക്കും പങ്കില്ലെന്നും ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.