കോഴിക്കോട്: ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം കോഴിക്കോട്ട് നടത്തിയ സെമിനാറിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി രംഗത്ത്. ചന്ദ്രയാൻ മൂന്ന് വിക്ഷേപണം വിജയത്തിന്റെ പിറ്റേന്ന് സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയെന്ന് മുരളീധരൻ പരിഹസിച്ചു. അതിന് കോൺഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എടുത്തുചാടി ഷൈൻ ചെയ്യരുതെന്ന് കോൺഗ്രസ് ആദ്യമേ മുന്നറിയിപ്പ് നൽകിയതാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചെയ്ത ഏർപ്പാട് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും മുരളീധരൻ പരിഹസിച്ചു. ‘‘ചന്ദ്രയാൻ മൂന്ന് വിക്ഷേപണ വിജയത്തിന്റെ തൊട്ടടുത്ത ദിവസം സിപിഎം അന്തരീക്ഷത്തിലേക്ക് വിട്ട വാണം ചീറ്റിപ്പോയി. അതിന് കോൺഗ്രസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ സിപിഐയുടെ ദേശീയ കൗൺസിൽ യോഗം പറഞ്ഞത് ബില്ല് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നാണ്. ആരും അതിന്റെ പേരിൽ ഓവർ സ്മാർട്ടാകാൻ നോക്കരുതെന്നും അവർ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് കോൺഗ്രസും പറഞ്ഞത്.’ – മുരളീധരൻ ചൂണ്ടിക്കാട്ടി.
‘‘ഇന്നലെ കോൺഗ്രസിന്റെ നയരൂപീകരണ സമിതി യോഗത്തിൽ മറ്റുള്ളവരുമായി സഹകരിച്ചുകൊണ്ട് ഈ നിയമത്തെ എതിർക്കാൻ ഔദ്യോഗികമായി തീരുമാനിച്ചു. മാത്രമല്ല, നാളെ 24 കക്ഷികളുടെ യോഗം ബെംഗളൂരുവിൽ ചേരുകയാണ്. അതിൽ ഉൾപ്പെടെ അജൻഡയിൽ വച്ച കാര്യമാണ്, എടുത്തു ചാടി അവർ കൺവെൻഷൻ വച്ചത്. അതുകൊണ്ട് വന്ന ദോഷം എന്താണെന്നുവച്ചാൽ, എൽഡിഎഫിലെ തന്നെ പലരും പങ്കെടുത്തില്ല. സിപിഐയുടെ നേതാക്കൻമാർ ആരും വന്നില്ല. രണ്ട്്, വനിതകളെ ആരെയും അവിടേക്ക് പ്രവേശിപ്പിച്ചില്ല. മേയറിന്റെയും മറ്റും പേര് ഉണ്ടായിരുന്നു. അതുപക്ഷേ, ലിസ്റ്റിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരാരും പ്രസംഗിച്ചതായൊന്നും ഒരിടത്തും കണ്ടില്ല.’
‘‘എൽഡിഎഫ് കൺവീനറും എൽഡിഎഫിലെ പല ഘടകകക്ഷികളും ആ സെമിനാറിൽനിന്ന് വിട്ടുനിന്നു. ജനതാ ദളിന് വരാനും പറ്റാത്ത അവസ്ഥയായി. കാരണം, ദളിന്റെ ദേശീയ തലത്തിലെ നിലപാട് ബിജെപിക്ക് ഒപ്പമാണ്. ഇങ്ങനെയൊക്കെയുള്ള ഒരുപാടു ന്യൂനതകളോടു കൂടി ഇന്നലത്തെ സെമിനാർ ചീറ്റിപ്പോയി. അതിന് കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എടുത്തുചാടി ഷൈൻ ചെയ്യാൻ നോക്കരുതെന്ന് ഞങ്ങൾ ആദ്യമേ പറഞ്ഞതാണ്. വോട്ടുബാങ്ക് കണക്കാക്കി ചെയ്ത ഏർപ്പാടാണ്. അത് വിപരീത ഫലമുണ്ടാക്കി.’
‘‘ഈ സെമിനാറിന്റെ പേരിൽ യുഡിഎഫിൽനിന്ന് മുസ്ലിം ലീഗിനെ അടർത്തിയെടുക്കാൻ ശ്രമിച്ചെന്ന് ഇ.ടി.മുഹമ്മദ് ബഷീർ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സംഭവം വ്യക്തമായല്ലോ. ഇവർക്ക് ന്യൂനപക്ഷങ്ങളെ രക്ഷിക്കാനല്ല താൽപര്യം. പത്ത് വോട്ടു കിട്ടാനാണ്. അതിന്റെ ദുരന്തമാണ് ആ പാർട്ടി ഇന്നു നേരിട്ടുകൊണ്ടിരിക്കുന്നത്.’ – മുരളീധരൻ പറഞ്ഞു.