കോഴിക്കോട് : തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതാണെന്ന് കെ മുരളീധരന്. ഉറപ്പായിട്ടും ജയിക്കുമെന്ന് പറഞ്ഞാണ് അവിടെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. അഡ്വ. കെ പ്രവീണ്‍കുമാര്‍ അടക്കമുള്ളവരുണ്ടായിരുന്നു അവിടെ കൊണ്ടുചെന്നാക്കാനെന്നും മുരളീധരന് പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വേദിയിലിരിക്കെയായിരുന്നു മുരളീധരന്റെ വിമര്‍ശനം.
അവിടെ ചെന്നപ്പോള്‍, സ്റ്റിയറിങ്ങും നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ എന്നോടു കയറാന്‍ പറഞ്ഞു. ഏതായാലും ചെന്നുപെട്ടുപോയി. പിന്നെ എങ്ങനെയൊക്കെയോ തടിയൂരി, ജീവനും കൊണ്ട് രക്ഷപ്പെട്ടുവെന്ന് കെ മുരളീധരന് പറഞ്ഞു. വെള്ളയില്‍ ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തിലായിരുന്നു കെ മുരളീധരന്റെ പ്രസ്താവന.
തൃശൂരില്‍ വോട്ടുകള്‍ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര് ഇപ്പോഴും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്സെന്നും കെ മുരളീധരന് പറഞ്ഞു. അടുത്ത കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണം. മാക്സിമം സീറ്റ് കോഴിക്കോട്ടു നിന്നും വിജയിക്കണം. തൃശൂരില്‍ തനിക്ക് അത്ര പ്രതീക്ഷയില്ലെന്നും കെ മുരളീധരന് പറഞ്ഞു.
ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി ഇന്ന് പാര്‍ട്ടിയിലില്ല. ഒന്നിച്ചു നില്‍ക്കേണ്ട സമയമായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും കെ മുരളീധരന് പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് മുഖ്യമന്ത്രി കരുതിയത്. കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയിട്ടില്ല. കേന്ദ്രസഹായം വൈകുന്നതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പ്രതി പ്രധാനമന്ത്രിയുമാണെന്ന് കെ മുരളീധരന് കുറ്റപ്പെടുത്തി.