തിരുവനന്തപുരം : ഐഎഎസ് ചേരിപ്പോരിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും സസ്പെൻഷൻ. മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് എന്ന പേരിൽ മതാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയതിനാണ് വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷണനെതിരേ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
സസ്പെൻഷനിലായ കെ. ഗോപാലകൃഷ്ണനും എൻ.പ്രശാന്തിനുമെതിരെ വകുപ്പുതല അന്വേഷവും നടക്കും. കാരണം കാണിക്കൽ നോട്ടീസില്ലാതെയുള്ള സസ്പെൻഷനെതിരെ പ്രശാന്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും.
അഡീഷനൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ അധിക്ഷേപം പരസ്യമായതിനാൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹമാധ്യമങ്ങളിൽ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതിലുമാണ് കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലും ഹാക്കിംഗ് എന്ന് വ്യാജ പരാതി നൽകിയതിലുമാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്.
ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താൻ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നുവെങ്കിലും കടുത്ത നടപടി വേണം എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.