കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കെ.ബാബു എംഎൽഎ അപ്പീലുമായി സുപ്രീം കോടതിയിൽ. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽനിന്നു കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ.
സ്വരാജിന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബാബുവിന് ഈ ഉത്തരവ് തിരിച്ചടിയായിരുന്നു. 2021ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായ കെ. ബാബുവായിരുന്നു വിജയിച്ചത്. മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചു എന്നതാണ് ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും ഹർജിയിൽ പറയുന്നു.
തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പന് ദൈവകോപം ഉണ്ടാകുമെന്ന് പറഞ്ഞ് കെ.ബാബു വോട്ടർമാരെ ഭയപ്പെടുത്തി. വോട്ട് അഭ്യർഥിച്ചുള്ള സ്ലിപ്പിൽ ബാബുവിനൊപ്പം അയ്യപ്പന്റെ ചിത്രവും ഉപയോഗിച്ചെന്നും സ്വരാജ് ഹർജിയിൽ പറയുന്നു. ഇത് നിലനിൽക്കില്ലെന്ന കെ. ബാബുവിന്റെ തടസവാദമാണ് കോടതി തള്ളിയത്.